The മുല്ലപ്പൂ violence
ഇന്നലെ വിരിഞ്ഞ്
ഇന്നടർന്ന് മണ്ണിൽ വീണ
മുല്ലപ്പൂക്കളെ ഇന്ന്
ഞാൻ തന്നെ ഞെരിച്ചുകൊന്നു.
ഈ രാത്രിയുടെ മഞ്ഞിനപ്പുറം
നാളത്തെ വെയിലിൽ വാടി
പതിയെ മണ്ണിലലിയേണ്ടതാണ്.
എന്തായാലും മരിക്കേണ്ടത്
എന്നായാലും ഇല്ലാതാകേണ്ടത്.
ഞാനായി തന്നെ കൊന്നു.
അതിൻ്റെ ഗന്ധം ഹൃദയം വരെ
വലിച്ചിഴച്ച്, കടലാസിൻ്റെ വരകളിൽ
വിരലിറുക്കി ഞെരിച്ചു ഗന്ധം പടർത്തി.
മുല്ലപ്പൂക്കളുടെ ശവക്കല്ലറയായി
ഞാൻ ഒരു പുറം ഒഴിച്ചിട്ടു.
പുസ്തകത്താളിനാൽ വിരിപ്പിട്ട്,
ചട്ടയടച്ച്, കൈമുട്ടിനാൽ അമർത്തി,
കൈവെള്ളയിൽ മുഖവുമമർത്തി.
എന്നിട്ടെടുത്ത് കിടക്കയിലിട്ടു.
ഇനിയീ പുസ്തകം തുറക്കുമ്പോൾ
ആ ഏഴു മുല്ലപ്പൂക്കളോർമ്മയാകും.
Comments
Post a Comment