Home

അമ്മയുടെ ഗർഭപാത്രം മാറ്റാൻ തീരുമാനിച്ചപ്പോൾ നിങ്ങളുടെ വീട് നഷ്ടപ്പെടാൻ പോകുന്നുവെന്ന് എന്നോടും അനിയനോടും പറഞ്ഞത് അമ്മയാണ്. സർജറിയുടെ തലേന്ന് ഇതേ കാര്യം അപ്പയും പറഞ്ഞു. അമ്മയുടെ ഗർഭപാത്രം അല്ലേ ആദ്യത്തെ വീട് എന്ന പൊയറ്റിക് ആയ കൽപ്പനയോടെ, വളരെ 'പൊയറ്റിക് ആയ ദുഃഖ'ത്തോടെ ഞങ്ങൾ സർജറിക്ക് തയ്യാറായി. ഇപ്പോഴും അമ്മയുടെ ഗർഭപാത്രം എന്നത് എനിക്ക് കഥയോ കവിതയോ എഴുതാനുള്ള 'മെറ്റീരിയൽ' ആവുകയാണ്. യഥാർത്ഥത്തിൽ ഇവിടെ ഗർഭപാത്രം മാറ്റുക എന്നത് ഒരു ചോയിസ് മാത്രം ആയതിനാലും അതൊരു ഗതികേടായി മാറാത്തതിനാലും മാത്രം ലാഘവത്തോടെ അതിൻ്റെ കാല്പനികമായ വാതായനങ്ങൾ മാത്രം തേടി പോവുകയാണ് ഞങ്ങളൊക്കെ ചെയ്തത്. വീട് പോകുന്നുവെന്ന് ഞങ്ങളും, എടുത്തങ്ങ് കളയാൻ പോകുന്നുവെന്ന് അമ്മയും പറഞ്ഞു. അമ്മയുടെ ഗർഭപാത്രമാണ് ആദ്യത്തെ വീട് എങ്കിൽ അവിടെ നിന്നും പുറന്തള്ളപ്പെട്ടവരല്ലേ നമ്മളൊക്കെയും! ഒരിക്കലും തിരിച്ചു പോകാനാകാത്ത വീട്! വീട് നമ്മളെ ഉപേക്ഷിച്ചാൽ അതിൽ പിന്നീട് ഒരിക്കലും പഴയപോലെ ചുരുണ്ടുകൂടാൻ കഴിയാത്ത വിധം നാം രൂപാന്തരപ്പെടുന്നു. അമ്മയുടെ വയറ്റിൽ തലവെച്ച് കിടക്കുമ്പോൾ ആ വീടിൻ്റെ സാമീപ്യം എങ്കിലും കിട്ടാറുണ്ട്. ഇടയ്ക്കിടെ അമ്മയുടെ വയറ്റിൽ തലയിറുക്കിയിട്ട്, "എനിക്കിവിടെ വയ്യ, എന്നെ തിരിച്ചെടുക്ക്" എന്ന് ഞാൻ അമ്മയോട് പറയാറുണ്ട്. അമ്മ അപ്പോൾ ചിരിച്ചിട്ട് തലയിൽ തലോടും. ഒരിക്കലും തിരിച്ചു കയറാൻ പറ്റില്ലെങ്കിലും അങ്ങനെ പറഞ്ഞ് ആശ്വസിക്കാൻ ഉള്ള മാർഗവും കൂടി അടഞ്ഞിരിക്കുന്നു. ഞങ്ങളെ പുറത്താക്കിയിട്ട് വീട് കത്തിച്ചു കളഞ്ഞ പോലെ. ഇന്നലെ ഈ അർത്ഥത്തിൽ ഒരു സ്വപ്നം എന്നെ വേട്ടയാടി. പാതി തമാശയുടെ രൂപത്തിൽ പറഞ്ഞത് എൻ്റെ നെഞ്ച് പറിച്ചെടുത്തുകൊണ്ട് സ്വപ്നമായി കാണിച്ചു തന്നു. സർജറിക്ക് മുൻപ് ഒരു ദിവസം ഞാൻ അനിയനോട് ചോദിച്ചു നിനക്ക് ദുഃഖമുണ്ടോയെന്ന്. അതിൻ്റെ മറുപടിയായി അവനൊരു ചോദ്യമാണ് തന്നത്. "നിനക്ക് ഓർമ്മയുണ്ടോ അമ്മയുടെ ഗർഭപാത്രം മാറ്റുന്ന ഡോക്ടർ മകൻ്റെ കഥ നമുക്ക് പഠിക്കാൻ ഉണ്ടായിരുന്നത്?" ആ ചോദ്യം ചോദിച്ച ശേഷം അവൻ മൗനത്തിലായി. വേറെയൊന്നും പറഞ്ഞില്ല. പുറമേ അറിയാനും അനുഭവിക്കാനും കഴിയാത്ത ഒരു ദുഃഖം ഞങ്ങളുടെ ഉള്ളിലുണ്ടെന്ന് തോന്നുന്നു. കീറിമുറിക്കുകയും ചുട്ടുപൊള്ളിക്കുകയും ചെയ്യാത്ത വളരെ പൊയറ്റിക് ആയ ഒരു നൊമ്പരം.

Comments

Popular posts from this blog

She

Ordinary miracle

Flow