The journey
ദൂരയാത്രയിൽ പുസ്തകം കൈവശം വയ്ക്കുന്ന ശീലം ഉണ്ടെങ്കിലും അത് യാത്രയിൽ വായിക്കുന്ന സന്ദർഭങ്ങൾ വളരെ കുറവാണ്. പണ്ടെങ്ങോ മനസ്സിൽ പതിഞ്ഞതാണ് അതേതോ ബുദ്ധിജീവി ചമയലിന്റെ ലക്ഷണം ആണെന്ന് . അതുകൊണ്ടാവണം മിക്കപ്പോഴും പുസ്തകം വായിക്കാൻ കയ്യിലെടുക്കാറില്ല. ചെറിയ യാത്രയിൽ പുസ്തകങ്ങളുടെ പിഡിഎഫ് അല്ലെങ്കിൽ ഇപബ്ബ് വേർഷനുകൾ വായിച്ചാണ് ശീലം. ഒരു ഞായറാഴ്ച ദൂരയാത്രയ്ക്ക് തിരിക്കണമായിരുന്നു. വായിച്ചുകൊണ്ടിരുന്നത് എനിഗ്മ ഓഫ് അറൈവൽ ആയിരുന്നു. രണ്ടുദിവസം മുമ്പ് എടുത്തതേയുള്ളൂ, സമയം കുറവായിരുന്നിട്ടു കൂടി വേഗം വായിച്ചു. ഒടുവിലത് തീർന്നുപോയി. യാത്രയിൽ ഇനി ഏതു കൊണ്ടുപോകും? ഖാലിദ് ഹൊസ്സെനിയുടെ ദ കൈറ്റ് റണ്ണർ ശക്തമായി ബുദ്ധിമുട്ടിച്ചതിന് പുറമേ സിലബസിന്റെ ഭാഗമായ വായനകളിലെ എക്സിസ്റ്റേൻഷിയലിസം, ഐഡൻ്റിറ്റി ക്രൈസിസ് തുടങ്ങിയ മുന്തിയ ഇനം വായന അനുഭവങ്ങളുടെ ബാക്കിപത്രം അലയടിക്കുന്നുണ്ടായിരുന്നു. ബ്ലൂവെസ്റ്റ് അയിസ് വായിച്ചതിന്റെ ഓർമ്മയിൽ ഭാഷയും ശൈലിയും ഇഷ്ടപ്പെട്ട് ടോണി മോറിസ്സന്റെ ബിലവട് ആമസോൺ വഴി വരുത്തിയിരുന്നു. അത് കൊണ്ടുപോകാമെന്ന് കരുതി. തുടക്കമിട്ടു വയ്ക്കാൻ വായന തുടങ്ങിയെങ്കിലും ആദ്യ നാലു പേജിൽ തന്നെ രക്തം ചൊരിഞ്ഞ് എൻ്റെ ഹൃദയം നിലം പറ്റി. ഏതെങ്കിലും ലൈറ്റ് ആയതു മതിയെന്ന് തീരുമാനിച്ചു. ഫീൽ ഗുഡ് മൂവി എന്ന് പറയും പോലെ. വായിക്കാൻ എടുത്തുവച്ചിട്ട് തടിയലമാരിക്ക് അലങ്കാരമായ പൊടി പിടിക്കാത്ത കുറേ പുസ്തകങ്ങൾ ഉണ്ടെനിക്ക്. അതിൽ നിന്ന് ഒന്നെടുത്തു. വായിച്ചു നോക്കാൻ മുതിർന്നില്ല. ട്രോമ ആണെങ്കിൽ മടുത്തിട്ട് പുസ്തകം ഇല്ലാതെ പോകേണ്ടിവരും. അതുകൊണ്ട് വെറുതെയങ്ങ് എടുത്ത് വച്ചു.
പാട്ടു കേട്ടും ഉറങ്ങിയും മടുത്തപ്പോൾ ബാഗിന് ഭാരം കൂട്ടാൻ എടുത്ത ബുക്ക് എടുത്ത് വായിച്ചു തുടങ്ങി. വഴുതിവീണു പോയി. മടിയിൽ ഒരു ചെറിയ ബാഗ് ഇരിപ്പുണ്ട് അതിൻ്റെ മുകളിൽ ബുക്ക് വച്ചാണ് വായന. കുറെ നേരം അങ്ങനെ ഇരുന്നു വായിച്ചു. വിഷയം ട്രോമ ആണ്, വേട്ടയാടുന്ന, ഉന്മാദിയാക്കുന്ന ചെയ്യുന്ന ട്രോമ. പക്ഷേ ഭേദമായിരുന്നു. കഴുത്തു വേദന കൂടിയപ്പോൾ വിൻഡോ സീറ്റിന്റെ പ്രൗഢിയിൽ നിവർന്നിരുന്നു. പുസ്തകം അടച്ചില്ല. അതിൻ്റെ ചട്ട ആരും കാണണ്ട എന്ന് കരുതി. കുറേ നേരമായി എതിർവശത്ത് ഇരിക്കുന്ന ചെറുപ്പക്കാരൻ എന്നെയും കയ്യിലിരിക്കുന്ന പുസ്തകത്തെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു. കൊന്നാലും തരില്ലെന്ന് ഒരു നോട്ടവും നോക്കി, അങ്ങനെയിപ്പോൾ ബുക്ക് സജഷൻ കിട്ടണ്ട എന്ന ഭാവിച്ച്, കാറ്റടിച്ചു പോലും പുസ്തകത്തിൻ്റെ പേര് അറിയേണ്ട എന്ന് കരുതി പുസ്തകത്തിൻ്റെ ഇരുവശവും ഇറക്കിപ്പിടിച്ച് ഇരുന്നു. പിന്നെ വീണ്ടും വായിച്ചു. കയ്യിലെടുത്ത് മുഖത്തിന് നേരെ പിടിച്ച് വായിച്ചാൽ കഴുത്തുവേദന കുറഞ്ഞേനെ. പക്ഷേ ഞാൻ തയ്യാറല്ലായിരുന്നു. കാരണം ഞാൻ വായിച്ചിട്ടുണ്ട്, "Tell me what you read and I'll tell you who you are." അങ്ങനെ ഇപ്പോൾ ഞനാരാന്നും എൻ്റെ താൽപര്യങ്ങൾ എന്താന്നും ഒരു അപരിചിതൻ അറിയണ്ട എന്ന് തന്നെ.
പക്ഷേ ഒന്നോർത്തു നോക്കിയേ, വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം എങ്ങനെയാണ് നമ്മളെ ഡിഫൈൻ ചെയ്യുന്നത്? ഇഷ്ടമുള്ള പുസ്തകങ്ങൾ ആണെങ്കിൽ ശരി. പുസ്തകം എനിക്ക് വല്ലാത്ത അരക്ഷിതാവസ്ഥ ഉണ്ടാക്കാറുണ്ട്. ഇങ്ങനെ മാത്രമല്ല. ഞാൻ അത്ര മികച്ച വായനക്കാരി ഒന്നുമല്ല. എന്നാലും അങ്ങനെ ധരിച്ച് ചിലർ എന്നോട് സജഷൻ ചോദിക്കും. എനിക്ക് ഒരു പുസ്തകം ഇഷ്ടപ്പെടാൻ വളരെ ചെറിയ കാരണം മതി. ഞാൻ വായിച്ചുതീർത്ത പുസ്തകങ്ങളെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. ഇഷ്ടപ്പെടുന്നത് ശൈലിയാകാം, കഥയാകാം, അതിലെ ഫിലോസഫി ആകാം, ചിലപ്പോൾ ഒരു ഉപമയോ ഒരു സന്ദർഭമോ പോലും ആകാം. അത് ആ പുസ്തകത്തിൻ്റെ കഥയുമായി ഒരു ബന്ധവും പുലർത്തിയില്ലെങ്കിലും ആ കാരണത്താൽ മാത്രം ഞാൻ അതിനെ ചിലപ്പോൾ ഇഷ്ടപ്പെടും. ഇഷ്ടമല്ലെങ്കിൽ 30 പേജിൽ കൂടുതൽ എനിക്ക് വായിക്കാൻ ആകില്ല. എത്ര ശ്രമം നടത്തിയാലും, അതിനി ഏത് ക്ലാസിക്ക് ആണെങ്കിലും. അക്കാര്യം ഓർത്താൽ എനിക്ക് അപമാനം തോന്നും. വായിച്ചുനോക്കി ഉപേക്ഷിച്ച പുസ്തകങ്ങൾ ഒരുപാടുണ്ട്. ചില പോപ്പുലർ പുസ്തകങ്ങൾ വരെയുണ്ടാകും അതിൽ. ആ എന്നോടാണ് സജഷൻ ചോദിക്കുന്നത്. അവർക്ക് അത് ഇഷ്ടപ്പെടുമോ എന്നതു മാത്രമല്ല, വായിച്ചു കഴിഞ്ഞ് അവർ എന്നെക്കുറിച്ച് എന്ത് കരുതും എന്നു വരെ ഞാൻ ചിന്തിച്ചു പോകും. ആർക്കും ഇഷ്ടപ്പെടാത്ത പൂവിനെ ഇഷ്ടമായി എന്ന് പറയുമ്പോൾ എന്ത് കണ്ടിട്ടാണ് എന്ന് ചോദ്യം ഉണ്ടാകാൻ ഇടയുള്ള പോലെ ഇവിടെയും അത് സംഭവിക്കുമോ എന്ന് ഞാൻ ഭയപ്പെടും. വേറൊന്ന് പുസ്തകം കടം ചോദിക്കുന്നതാണ്. ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കാൻ ഉള്ള മാർഗങ്ങൾ ഉപദേശിച്ചു ഞാൻ ക്രൂരയായ ഒരുത്തിയാകും. പുസ്തകം ഞാൻ ആർക്കും കൊടുക്കില്ല. എപ്പോഴും ഞാൻ കൊണ്ടുനടക്കുന്നത് എൻ്റെ ഫോൺ ആണ്. അതു തന്നാലും ഞാൻ ഒരു പുസ്തകവും തരില്ല.അതിനി ഞാൻ വായിച്ചുതീർത്തതാണെങ്കിൽ പോലും...
പലവട്ടം ഒളിച്ചു നോക്കിയിട്ടും എൻ്റെ പുസ്തകത്തിൻ്റെ പേര് കണ്ടുപിടിക്കാൻ ആവാതെ എതിർവശത്ത് ഇരിക്കുന്നവൻ എന്നെ നോക്കി പുഞ്ചിരിച്ചു തുടങ്ങി. നീ എത്ര ചിരിച്ചു കാണിച്ചാലും തരില്ലെന്ന് വീണ്ടും കനപ്പിച്ച് ഞാൻ ഗാഢമായ വായന തുടർന്നു. ഗതികെട്ട് ഒടുവിൽ അവൻ ചോദിച്ചു, ഏതോ ആഴത്തിലുള്ള വൈരഖനിയിൽ സൂക്ഷിച്ച എൻ്റെ പരമരഹസ്യം ആരായും പോലെ "ഇതേതാ പുസ്തകം?" ഇനി പറയാതെ എങ്ങനെയാണ് എൻ്റെ തലയാകെ വലിഞ്ഞുമുറുകി. നെറ്റിയിൽ എന്തോ തട്ടിനിന്നു. പറയണോ എന്ന് നിസ്സഹായതയുടെ ഭാഷയിൽ ഒന്നുകൂടി നോക്കി ഞാൻ. അറിഞ്ഞേ തീരൂ എന്നപോലെ അവൻ എൻ്റെ കണ്ണിൽ തന്നെ തറപ്പിച്ചു നോക്കിയിരുന്നു. ഇന്നിതുവരെ തോന്നാത്ത നിരാശയോടെ, തോറ്റവളെ പോലെ ഞാൻ എൻ്റെ പുസ്തകത്തിൻ്റെ പുറംചട്ട കാണിച്ചു കൊടുത്തു. ഒന്ന് നോക്കിയിട്ട് എന്നെ നോക്കി ചിരിച്ച ശേഷം അയാൾ പറഞ്ഞു, "ഞാൻ വായിച്ചിട്ടുണ്ട്, നല്ലതാ."
Comments
Post a Comment