കവിതയുടെ ഗർഭപാത്രം
ഒടുവിലത്തെ വരി മാത്രമെടുത്തു
ഞാനെൻ്റെ കവിതയ്ക്ക് പേര് നൽകി
പരസ്പരം കലഹിക്കുന്ന,
ഒത്തുചേർത്തുവയ്ക്കാനാകാത്ത
വരികളാണ് കവിതയാകുന്നതെന്ന്!
അല്ലെങ്കിലതൊക്കെ കഥയായേനെയെന്ന്
എനിക്കെങ്ങനെയറിയാൻ?
കവിതയ്ക്ക് പേര് നൽകണം
നിർബന്ധമാണത്രേ.
ഓരോ തോന്നലുകൾ
പല സ്വരത്തിലുള്ള ഏടുകൾ...
ശ്വസിക്കുന്ന, ഗർജ്ജിക്കുന്ന,
കേഴുന്ന, ചിരിക്കുന്ന,
പല നാദങ്ങൾ മുഴങ്ങുന്നു
ഞാനെന്റെ വിചാരത്തിനെന്ത്
പേര് ചാർത്തിയൊരുക്കാൻ?
നിർവചിക്കാൻ കഴിയാത്ത
പലതാം ബിന്ദുക്കളുടെ
അണപൊട്ടിയൊഴുകുന്ന
ജലത്തിൽ നിന്നും ഞാൻ
രക്ഷിച്ചു കരകയറ്റി ശ്വാസം കൊടുത്ത
പലവിധം വിചാരങ്ങൾ!
കലപില കൂട്ടുന്ന, പടവെട്ടുന്ന
ചിന്തയുടെ ഗർഭപാത്രം
Comments
Post a Comment